ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമാണ്. മാധ്യമ സ്വാതന്ത്ര്യമെന്നാൽ മാധ്യമങ്ങൾ സ്വതന്ത്രമാണ് എന്നാണോ അതോ സ്വതന്ത്യത്തിന് മാധ്യമമുണ്ട് എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് ഇനി വീണ്ടും നിർവ്വചനങ്ങൾ തിരയേണ്ട അവസ്ഥയിലാണ് ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും പൗരൻമാർ. മാധ്യമ പ്രവർത്തനം ഒരു തൊഴിൽ മാത്രമാണെങ്കിൽ അതിന് തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സ്വാതന്ത്ര്യം മാത്രമാണ് അനുവദിക്കാവുന്നത് എന്ന് പറയാം. മാധ്യമ പ്രവർത്തനം വ്യവസായമെങ്കിൽ വ്യവസായ നിയമങ്ങൾക്കനുസരിച്ചുള്ള സ്വാതന്ത്ര്യം മാത്രമാണ് അവകാശം. വ്യാപാരമെങ്കിൽ അത് വ്യാപാര നിയമങ്ങൾക്കനുസരിച്ചുള്ളതായിരിക്കും. മറിച്ച് മാധ്യമ പ്രവർത്തനം ഒരു സാമൂഹിക പ്രവർത്തനമെങ്കിൽ അതിന് പരിധികളില്ല. സാമൂഹിക സന്നദ്ധ പ്രവർത്തനത്തിൻ്റെ എല്ലാ സ്വതന്ത്യവും സാധ്യതകളും മാധ്യമ പ്രവർത്തനത്തിന് ലഭിക്കണം. പക്ഷെ എന്താണിവിടെ സംഭവിക്കുന്നത് എന്ന് പരിശോധിച്ചു നോക്കാം.
ഇവിടെ മാധ്യമ പ്രവർത്തനത്തെ കൂലിപ്പണിയോട് ഉപമിക്കേണ്ട അവസ്ഥയാണ് എന്ന പരിഹാസം പണ്ടേ കിട്ടിത്തുടങ്ങിയിരിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന ഉറപ്പുള്ള തൊഴിലു പോലുമായി അതിനെ കരുതാനാകില്ല. എവിടെയുമെന്ന പോലെ ഇവിടെയും രണ്ട് വർഗ്ഗങ്ങളുണ്ട്. വരേണ്യവർഗ്ഗവും കീഴാള വർഗ്ഗവും. ഇതിൽ വരേണ്യവർഗ്ഗം എന്നവകാശപ്പെടുന്ന മാധ്യമ പ്രവർത്തകർ മെനഞ്ഞെടുക്കുന്ന ഒരു സംസ്കാരത്തിൻ്റെ ഒഴുക്കിലാണ് കേരളവും ഇന്ത്യയും മുന്നേറുന്നത് എന്നാണവർ പറയുന്നത്. അങ്ങനെയെങ്കിൽ മാധ്യമ പ്രവർത്തനത്തിൻ്റെ ശക്തിയും കഴിവും വ്യക്തമാക്കുന്നതാണ് അത്. കേരളത്തെ തന്നെ ഉദാഹരണമായെടുക്കാം. പ്രധാനമായും മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങൾ. പ്രചാരത്തിലും വിൽപ്പനയിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ഇവർക്കാണ്. പ്രചാരത്തിൽ ഒന്നാമത് നിൽക്കുന്ന മനോരമയേക്കാൾ പല ലക്ഷം കോപ്പികൾ പുറകിലാണ് മാതൃഭൂമിക്കു ള്ളത്. ഇവർ രണ്ടും പോരാതെ മലയാളത്തിലെ ആദ്യ ദിനപ്പത്രമായ ദീപിക (നസ്രാണി ദീപിക), കേരള കൗമുദി, ചന്ദ്രിക, ദേശാഭിമാനി, മാധ്യമം തുടങ്ങി നിരവധി പത്രങ്ങൾ ഉണ്ട്. ചാനലുകളിലാണെങ്കിൽ മുട്ടിൽ മരം മുറിക്കാരനെ മുന്നിൽ നിർത്തി ബിനാമി നടത്തുന്നവരുടെ റിപ്പോർട്ടർ ചാനൽ 24, മനോരമ, മാതൃഭൂമി, 18, കൗമുദി തുടങ്ങി നിരവധി ചാനലുകളും ഈ 3.5 കോടി ജനങ്ങളെ വാർത്തകൾ അറിയിക്കുന്നു. പക്ഷെ ഓരോ ദിവസവും സാധാരണ ജനത്തിൻ്റെ സാമ്പത്തിക ഭദ്രതയും സ്വൈര്യ ജീവിതവും തകരുന്ന ഒരു സാമൂഹിക ക്രമത്തിൽ കേരളം എത്തിക്കഴിഞ്ഞു. പണ്ട് ഒരു ദിനപ്പത്രം കൈയ്യിൽ കിട്ടാൻ ഒരാഴ്ചയെങ്കിലും വേണ്ടിയിരുന്ന സ്ഥാനത്ത്' ഇന്ന് ഓരോ സെക്കൻ്റിലും ബ്രേക്കിങ് ന്യൂസ് ടൈറ്റിലുകൾ മാറ്റിമറിച്ച് വാർത്തകൾ പുറത്തേക്ക് തള്ളുന്ന ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ആയി നാട്ധാ വികസിച്ചിരിക്കുന്നു. പക്ഷെ നമ്മുടെ നാട്ടിൽ തട്ടിപ്പ്, വെട്ടിപ്പ്, ചതി, വഞ്ചന, കൊള്ള, അഴിമതി,കൊല, കൊള്ളിവയ്‌പ്, കൂട്ടിക്കൊടുപ്പ്, ബലാത്സംഗം, സ്വർണ്ണക്കടത്ത്,മയക്ക് മരുന്ന് കടത്ത്, കുഴൽപ്പണം കടത്ത്, മനുഷ്യക്കടത്ത് എന്നിവയൊക്കെ ജനസംഖ്യ അനുപാതത്തേക്കാൾ വർധിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. എന്തുകൊണ്ട് എന്ന് ഇവയിൽ ഏതെങ്കിലും ഒരു മാധ്യമം ഒരു സമതല ചർച്ചയ്ക്ക് തയാറായിട്ടുണ്ടോ? സന്ധ്യാ സമയം മുതൽ ചാനലിലെ ആങ്കർമാർ മുതൽ എഡിറ്റർമാർ, മുതലാളിമാർ, തുടങ്ങി അന്താരാഷ്ട്ര കൊള്ളക്കാരും പാർട്ടി നേതാക്കളും വരെ ചർച്ച നടത്തുന്നുണ്ട്. ചില പതിവ് സാമൂഹിക പ്രവർത്തകരും നിരീക്ഷകരും വിമർശകരും വിദ്വാൻമാരും ഒക്കെ ഈ പ്ലാറ്റ്ഫോമിലെത്തി നീരിക്ഷിച്ച വിഡ്ഡിത്തങ്ങളെ കുറിച്ച് ചർച്ച നടത്താറുണ്ട്. ഇതൊക്കെ മാധ്യമ സ്വാതന്ത്ര്യം എന്ന പദവിയിലൂടെ നേടുന്നതല്ലേ എന്ന ചോദ്യത്തോടെ വരേണ്യവർഗ്ഗ മാധ്യമ പ്രവർത്തകർ മഹാൻമാരാകുന്നു.
പക്ഷെ സംഭവിക്കുന്നതോ? ഈ വരേണ്യവർഗ്ഗ മാധ്യമ ഹീറോകൾ വെറും ഭിക്ഷാംദേഹികളും പുകഴ്ത്തുപാട്ടുകാരും പക്ഷപാതികളും ആർത്തിപ്പണ്ടാരങ്ങളും സാമൂഹിക വിരുദ്ധരുമാണ് എന്ന് ജനത്താൽ പറയിപ്പിച്ച് 'നാണം കെടുന്ന കാഴ്ചയാണ് ഉള്ളത്. ഇന്ന് വരേണ്യവർഗ്ഗ മാധ്യമ പ്രവർത്തകർ എന്നറിയപ്പെടുന്നവരിൽ 95 ശതമാനവും സ്പോൺസർ ചെയ്യപ്പെട്ട പാവകൾ മാത്രമാണ്. വെറും ജോക്കർമാരോ വിദൂഷകരോ സ്വയം പ്രതിഷ്ഠകളാകാൻ കോപ്രായം കാട്ടുന്നവരോ ആണ്. അവർ സൃഷ്ടിക്കുന്ന ഓരോ കെട്ടുകഥകൾ മാത്രമാണ് ഓരോ വർത്തകളും അവയുടെ പ്രസക്തിയും. ഇന്ന് മലയാള മാധ്യമങ്ങളിൽ മനോരമ, മാതൃഭൂമി എന്നിവയെ മാറ്റി നിർത്തിയാൽ ബാക്കിയുള്ളവയിൽ ബഹുഭൂരിപക്ഷവും തത്സമയ സാമ്പത്തിക ലാഭത്തിൽ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളോ മാധ്യമ പ്രവർത്തകരോ അതുമല്ലയെങ്കിൽ ജാതി, മത, രാഷ്ട്രീയ പ്രചാരകരോ മാത്രമാണ്. മനോരമയും മാതൃഭൂമിയും മേൽപ്പറഞ്ഞവയിൽ നിന്ന് മോചിതരോ സമ്പൂർണ വിമുക്തരോ ആണെന്നല്ല പറയുന്നത്, മറിച്ച്, മറ്റുള്ളവയെ വച്ചു നോക്കിയാൽ കുറേയെങ്കിലും നിഷ്പക്ഷതയോട് കുറച്ച് കൂറ് കാണിക്കുന്നവരും മാധ്യമ ധർമത്തിൽ 50 ശതമാനമെങ്കിലും സത്യസന്ധത കാണിക്കാൻ ശ്രമിക്കുന്നവരും ആണെന്ന് പറയാം. അവയിലെ മാധ്യമ പ്രവർത്തകരിൽ ഭക്ഷപാത ഭിക്ഷാംദേഹികൾ ഇല്ല എന്നല്ല, കുറവാണ് എന്നതാണ് വസ്തുത. ഇതിനു കാരണം അത്തരം മാധ്യമങ്ങൾക്ക് ചില പരമ്പരാഗത നിലപാടുകളും പാരമ്പര്യവും ശൈലിയും ഉണ്ട് എന്നുള്ളതാണ്. കൂടുതൽ വിശ്വസനീയം അത്തരം മാധ്യമങ്ങളാണ്. കാരണം അവരുടെ വാർത്തയോടുള്ള നിലപാടുകൾ ഉറച്ചതായിരിക്കും.
കേരളം ഒരു മാധ്യമ അരക്ഷിതാവസ്ഥയുടെ പടുകുഴിയിലാണിന്ന്. ഇവിടെ എന്തിലും എതിലും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്ന സ്ഥിതിയാണ്. ഏത് അരാഷ്ട്രീയവാദത്തിലും രാഷ്ട്രീയവും മതവും ചികയുകയും തിരുകി കയറ്റുകയും മാത്രമല്ല, സാധ്യതയ്ക്കനുസരിച്ച് ജാതിയും ഉപജാതിയും വർഗ്ഗവും ഗോത്രവും വംശാവലിയും ജനിതകവും വരെ തിരുകി കയറ്റാനും ഒരു അറപ്പും മാനവുമില്ലാതെ പറയാൻ കഴിയുന്നു എന്നതാണ് സംസ്കാരം നേരിടുന്ന വെല്ലുവിളി. വെട്ടിത്തുറന്നു പറയുന്നു, നിഷ്പക്ഷമായി പറയുന്നു, തുറന്നടിച്ചു പറയുന്നു, വസ്തുതാപരമായി പറയുന്നു എന്ന വിശേഷണങ്ങളോടെ നടുവു വളച്ച് കുനിഞ്ഞു നിന്ന് കാലുകൾക്കിടയിലൂടെ പിന്നിലേക്ക് കണ്ണുകൾ പായിക്കുന്നു. മറച്ചു വച്ച് അവർ അവതരിപ്പിക്കുന്ന സത്യങ്ങളെ നോക്കി കള്ളങ്ങൾ നാണിച്ചോടുകയാണ്. ഒടുവിൽ നടന്ന ഒരു സംഭവത്തെ ഉദാഹരിച്ചാൽ കാര്യം വ്യക്തമാകും. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കാൻ തീരുമാനമെടുത്ത് കരാർ ഒപ്പിട്ട് നിർമാണ നടപടികൾ തുടങ്ങിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ്. അതിനാൽ അത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നേട്ടമാണ് എന്ന് തുറന്നടിക്കാൻ മലയാളത്തിലെ അടി വീരൻമാരായ മാധ്യമ പ്രവർത്തകർക്ക് കഴിഞ്ഞില്ല. കാരണം അത് പറയാനുള്ള കഴിവില്ല അവർക്ക് . അത് പറയണമെങ്കിൽ മാധ്യമ പ്രവർത്തനത്തിൻ്റെ ധാർമിക ബോധം ആ മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകണം. അതില്ല. പറയാൻ ധൈര്യമില്ല, ആർജവമില്ല.' കാരണം ഭയം. എന്തിനോടുള്ള ഭയം? പിണറായി സർക്കാരും അവരുടെ പാർട്ടിയും ബിജെപിയും അവരുടെ കേന്ദ്ര ഭരണവും വലിച്ചെറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം. തങ്ങളുടെ ആർത്തികൾ തീർക്കാനുള്ള വഴിയടയുമോ എന്ന ഭയം. മാധ്യമ പ്രവർത്തകർക്ക് ലഭിക്കുന്ന വ്യക്തിപരമായ പരിഗണന നഷ്ടപ്പെടുമെന്ന ഭയം അവർക്ക്. മാധ്യമ സ്ഥാപനങ്ങൾക്ക് പരസ്യവും മറ്റ് വ്യാപാര വ്യവസായ വളർച്ചാ സാധ്യതകൾ നഷ്ടപ്പെടുമോ എന്ന ഭയം. അതിനാൽ അവർ സത്യം മറ്റൊന്നായിരിക്കേ ആ സത്യത്തോട് മൗനം പാലിക്കുകയോ, അതിനെ നിസാരവൽക്കരിക്കുകയോ, ആ സത്യം ചർച്ച ചെയ്യാതെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുകയോ ചെയ്യുന്നു. ചിലർ സത്യം പറയാൻ തങ്ങൾ എടുക്കേണ്ട ആർജ്ജവം കാണിക്കാതെ വഴിയേ പോകുന്ന ഏതെങ്കിലും ഒരു പാവപ്പെട്ടവനെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കും. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയാണ് എന്ന് വിവരങ്ങൾ കൃത്യമായി പറയാൻ അറിയാവുന്ന മാധ്യമ പ്രവർത്തകൻ നേരിട്ട് തുറന്നടിച്ച് അത് പറയാൻ തയാറാകാതെ വഴിയേ നടന്നു പോകുന്ന ഒരു സാധാരണക്കാരൻ്റെ മുന്നിലേക്ക് മൈക്ക് നീട്ടിക്കൊണ്ട് ചോദിക്കും'' വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയാണ് എന്നൊരു അവകാശവാദം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്, എന്താണ് താങ്കളുടെ അഭിപ്രായം?". വഴിയാത്രക്കാരൻ കോൺഗ്രസുകാരനെങ്കിൽ അയാൾ പറയും അത് സത്യമാണെന്ന്. ഉടനെ മാധ്യമ പ്രവർത്തകൻ്റെ വിശദീകരണം വരും, ''ഇതാ സുഹൃത്തുക്കളേ, വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയതാണ് എന്ന് വഴിയേ പോയ ഈ ചേട്ടൻ ഉറപ്പിച്ചു പറയുന്നു. അപ്പോൾ ആ പ്രചാരണം സംബന്ധിച്ച് മറ്റ് ചിലരോടുകൂടി ഇക്കാര്യം ആരായാം." നേരേ പോകുന്നു, സ്വയം വ്യക്തമാക്കാൻ ധൈര്യപ്പെടാത്തതിനാൽ ഒരു സത്യത്തെ ഒരു വഴിപോക്കൻ്റെ നാവിൽ നിന്ന് ശേഖരിച്ച ശേഷം അതിനെ മറയ്ക്കാൻ സ്വന്തം ആശയ യജമാനൻമാർക്കായി വളച്ചൊടിക്കുന്നതിനു വേണ്ടി 10 എതിർകക്ഷിക്കാരെ കണ്ടെത്തി , അവരെ വച്ച് കോൺഗ്രസ് സർക്കാരിനേയും ഉമ്മൻ ചാണ്ടിയേയും തള്ളിപ്പറയിപ്പിക്കും, പരിഹസിപ്പിക്കും, അവഹേളിപ്പിക്കും. എന്നിട്ട് പറയും ഉഗ്രൻ ഒരു ചർച്ചയാണ് നടത്തിയത്, വിഴിഞ്ഞം പദ്ധതിയുടെ പിതാവ് ഉമ്മൻ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന്!
കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ വരേണ്യവർഗ്ഗത്തിൽപ്പെട്ട 98 ശതമാനവും ഇടത് ബിജെപി സംയുക്ത സേവകരാണ്. 2 ശതമാനം പേർ ഒരു പക്ഷത്തോടും താൽപര്യമല്ലാത്തവരുമാണ്. വരേണ്യ വരേണ്യൻ മാറിൽ തന്നെ മിക്കവരും സിപിഎം- ബിജെപി തോണികളിൽ 'ഒന്നിച്ച് സഞ്ചരിക്കുന്നവരുമാണ്. അവർക്ക് അതിന് പല വിധ ഒത്താശകളും പുരസ്കാരങ്ങളും ഒക്കെയായി ഭരണക്കാർ ചെയ്തു കൊടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും പൊതുജനത്തിനും സമാധാനപരമായി ജീവിക്കാനും ക്രമാനുഗതമായി വികസന പാതയിൽ മുന്നേറുവാനും ഒരു നിലപാടും ഒരു കാലത്തും ചെയ്തിട്ടില്ലാത്തവരെ വിശേഷണങ്ങൾ കൊണ്ട് പൊതിഞ്ഞ് തലപ്പത്തിരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയും അവരെ വാഴ്ത്തിപ്പാടി നടക്കുകയും ചെയ്യുന്നവരെ കുറിച്ച് ഉപയോഗിക്കാൻ കൂട്ടിക്കൊടുപ്പുകാർ എന്ന പദം ഉപയോഗിച്ചാൽ കൂട്ടിക്കൊടുത്തു ജീവിക്കേണ്ടി വരുന്നവർക്ക് മാനക്കേടാകും!
കേരളത്തിലെ മാധ്യമ പ്രവർത്തനത്തിൻ്റെ അപ ജയം തുടങ്ങിയത് ചാനലുകൾ രംഗത്ത് വന്നതോടെയാണ്. സുതാര്യം, നേരോടെ, നിർഭയം, നിരന്തരം, നേരറിയാൻ നേരത്തേ തുടങ്ങിയ ആദർശപരമായ അവകാശവാദങ്ങൾ പറഞ്ഞ് പ്രത്യക്ഷപ്പെട്ട് ലൈവായി കള്ളങ്ങളും അർദ്ധസത്യങ്ങളും പറയുന്നത് തൊട്ട് ഒരോ സത്യങ്ങളേയും വളച്ചൊടിച്ച് വികൃതമാക്കി, നശിപ്പിച്ച് മറവിയിലേക്ക് തള്ളുകയും വ്യാജ ങ്ങളെ ചരിത്രമാക്കി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം ഇപ്പോൾ ഉച്ചസ്ഥായിയിലാണ്. ഈ ഗതികേടുകൾ അനുഭവിച്ച് വ്യാജബിംബങ്ങളെ പ്രതിഷ്ഠകളായി ചുമക്കുന്നു ജനം. സിനിമാനടികളുടെ ദിവ്യ ഗർഭങ്ങളും നടൻമാരുടെ അവിഹിത കഥകളും സമൂഹത്തിൻ്റെ മുഖ്യധാരാ വിഷയങ്ങളാക്കി മാറ്റിയതോടെ മതം, ജാതി, രാഷ്ട്രീയ അഴിമതികളും അക്രമങ്ങളും ഒക്കെ ജനത്തിൻ്റെ കണ്ണിൽ നിന്ന് മറയാനുള്ള വഴികളാക്കി ഈ മാധ്യമങ്ങൾ മാറ്റിക്കഴിഞ്ഞു. പരമ്പരാഗത മാധ്യമങ്ങൾ സത്യസന്ധരല്ല എന്ന പ്രതീതി അടിച്ചേൽപ്പിച്ച് സാമൂഹിക വിരുദ്ധ മാധ്യമ പ്രവർത്തനത്തെ വികസനപരമായ മുന്നേറ്റമെന്ന് വരുത്തി തീർത്ത് സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും, അവിടെ അഴിമതിക്കാർക്കും വ്യാജൻമാർക്കും, ദുർഭരണങ്ങൾക്കുമൊപ്പം അത്താഴവും ഡിജെപാർട്ടിയും ആസ്വദിക്കുകയും ചെയ്യുകയാണ് ഇവിടുള്ള മാധ്യമങ്ങൾ ചെയ്യുന്നത്. ഇതിൻ്റെ ദുരന്തഫലം നേരിടുന്നതാകട്ടെ മാധ്യമ പ്രവർത്തനമേഖലയിലെ കീഴാള വർഗ്ഗവും. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായപ്പോൾ അതിൽ കോൺഗ്രസ് ഭരിച്ച 50 വർഷം കൊണ്ട് ഉണ്ടായ അധപതനത്തിൽ പതിനായിരമിരട്ടി അധപതനമാണ് കഴിഞ്ഞ 10 വർഷം കൊണ്ട് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ദുസ്വാതന്ത്ര്യം എടുക്കുന്നവരും സ്വാതന്ത്യം നഷ്ടപ്പെട്ടവരും എന്ന രണ്ട് വിഭാഗം മാധ്യമ പ്രവർത്തനമാണ് ഇന്ന് നടക്കുന്നത്. കീഴാള മാധ്യമ പ്രവർത്തകർ നടത്തുന്ന ധീരമായ ധാർമിക പോരാട്ടത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് തമോഗുണസമ്പന്നരായ വരേണ്യവർഗ്ഗ മാധ്യമ പ്രവർത്തകർ നടത്തുന്ന കൂത്താടലുകളെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വാർത്താ ചാനലുകൾ കാണുന്നവരുടെ എണ്ണം 2014 ന് ശേഷം 40 ശതമാനത്തോളം കുറഞ്ഞു. ബാക്കിയുള്ളതിൻ്റെ റേറ്റിങ്ങിൻ്റെ കാര്യം പറഞ്ഞ് കൊള്ളക്കാരൻ്റെ ചാനലും പലിശക്കാരൻ്റെ ചാനലും തമ്മിൽ പരസ്പരം ട്രോളി മരിക്കുന്ന കാഴ്ചയാണ് ചാനൽ മാധ്യമങ്ങളിൽ നടക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വാർത്തകളിലാണ് ഇന്ന് ജനത്തിന് കൗതുകം .കരി മീൻ വാഴയിലയിൽ പൊതിഞ്ഞ് പൊരിച്ചെടുത്തതിനെ പറ്റി പറയുന്ന സോഷ്യൽ മീഡിയ മേഖലയിൽ , തൊപ്പിയും അപ്പിയും വേട്ടാ വളിയനുമൊക്കെ സൂപ്പർസ്റ്റാറുകളാണ്. ഇപ്പോൾ അത്തരം അപ്പികളെ പ്രമോട്ട് ചെയ്യലാണ് ചാനൽ മധ്യമങ്ങളുടെ പണി. അതാകട്ടെ സംസ്കാരത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയുമാണ്. ഇന്ന് ഒരു ഏഴാംകിട അപ്പിയുടെ വില പോലും ചാനലിലെതഴക്കവും പഴക്കവുമുള്ള മണികണ്ഠൻമാർക്ക് കിട്ടാറില്ല എന്നത് മാത്രം ശ്രദ്ധിച്ചാൽ മതി എന്താണ് കേരളത്തിലെ മാധ്യമ മേഖലയുടെ അവസ്ഥ വ്യക്തമാകാൻ.
മാധ്യമ പ്രവർത്തനത്തിലെ പ്രൊഫഷനലിസം നടപ്പിലായതോടെ തുടങ്ങിയതാണ് ഈ അപച്യുതി. ഒരു കപ്പ മൂട് നടാനറിയാത്തവൻ ഒക്കെ മാധ്യമ പ്രവർത്തകനായി കപ്പ കൃഷിയുടെ ശാസ്ത്രീയത പഠിപ്പിക്കുന്ന കാലമാണ്. ഏട്ടിലെ പശു പുല്ല് തിന്നില്ല എന്നൊരു പഴമൊഴി മലയാള ഭാഷയിലുണ്ട് എന്ന് പോലുമറിയാത്തവർ ഉറുമ്പ് നടക്കുന്നത് കാണുമ്പോൾ അതിശയിക്കുന്ന മാധ്യമ ധർമം കാണുമ്പോൾ നാണം തോന്നണം. കാരണഭൂതൻമാരുടെ നാണം കെട്ട കളിയെ മിന്നൽ പിണർ എന്നു വിളിച്ച് രോമാഞ്ചം കൊള്ളുന്നവരും അഛാദിൻ എന്നാൽ മുതുമുത്തശ്ശൻമാർ അന്ധകാരത്തിൽ കഴിഞ്ഞ മധ്യ നൂറ്റാണ്ടിലാണെന്നും തിരിച്ചറിയാത്തവരും മാധ്യമ പ്രവർത്തകരായി 'അധപതിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അധപതിച്ച യിടത്ത് നിന്ന് എണീൽക്കാനോ കുറഞ്ഞത് തലപൊക്കി നോക്കാനോ സാധിക്കുന്നവർ എത്രയുണ്ട്? ഇവരാണ് പൊതുജനാഭിപ്രായം രൂപീകരിക്കാൻ വേണ്ടി ജനാധിപത്യത്തിൻ്റെ നാലാംതൂണായി നടിക്കുന്നത്. നാലാംതൂണായില്ലെങ്കിലും മരത്തൂണെങ്കിലും ആകണ്ടെതല്ലേ? അതിനു പോലും കഴിവില്ലാത്തവരെ കൊണ്ട് നിറഞ്ഞ മാധ്യമ ലോകത്ത് വിശ്വസനീയത എന്നത് എന്താണെന്ന ഗവേഷണത്തിലാണ് നല്ല ജനങ്ങൾ. മാധ്യമ സ്വാതന്ത്ര്യം എന്ന് പറയുന്നതിനേക്കാൾ സ്വയം അടിമകളായി മാറിയവർ എന്നെങ്കിലും സ്വാതന്ത്ര്യം നേടുന്ന ദിനം വരുമെന്ന പ്രതീക്ഷയിൽ മാധ്യമ സ്വാതന്ത്ര്യ ദിനത്തിൻ്റെ ആശംസകൾ നേരുക തന്നെ ചെയ്യാം.
Press Freedom Day? What is that?